തൃശൂർ:ഓണക്കാലത്തെ തനതായ ഒരു കലാരൂപമാണ് പുലികളി അഥവാ കടുവകളി.അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശ്ശൂരിലെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് പ്രധാന സ്ഥലങ്ങൾ.തലമുറകളായി തുടർന്നുപോരുന്ന ഈ കലാരൂപത്തിന് പൂരത്തിൽ നിന്നും ഏറെത്താഴെയല്ലാത്ത ഒരു സ്ഥാനമുണ്ട്. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികൾ തൃശൂർ നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മയുടെ പ്രതീകമാണ്.
തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റു സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്.ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്.ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃ്ത്തം വെയ്ക്കുകയും ചെയ്യുന്നു. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.
51 പുലികൾ വീതമുള്ള അഞ്ചു സംഘങ്ങളാണ് ഇന്ന് തൃശ്ശൂർ പുലികളിയിൽ ഉണ്ടാവുക.സീതാറാം മിൽ സംഘം, അയ്യന്തോൾ, വിയ്യൂർ ദേശം എന്നിങ്ങനെ തുടങ്ങി അഞ്ചു സംഘങ്ങളായാണ് പുലികൾ മട തകർത്ത് ഇന്ന് ശക്തന്റെ മണ്ണിലിറങ്ങുക.കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന ഇത്തരം കലാരൂപങ്ങൾ എക്കാലത്തും നാടിന് ഒരു മുതൽക്കൂട്ട് ആയിരിക്കും എന്നത് നിസംശയമാണ്