ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് ബഹിരാകാശ പേടകം വിക്ഷേപിച്ചതായി ഇസ്രൊ സ്ഥിരീകരിച്ചു.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. ഗ്രഹണം അടക്കമുള്ള തടസ്സങ്ങൾ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാനും സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ഈ പോയിന്‍റിലെത്തുന്നതോടെ സാധിക്കുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.