തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തെ ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആര്‍ട് സെന്ററിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര പാര്‍ലമെന്ററി സ്ഥിരംസമിതി അംഗങ്ങളെത്തുന്നു. കേന്ദ്ര ടൂറിസ-ഗതാഗത-സാംസ്‌കാരിക പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളാണ് ബുധനാഴ്ച വൈകുന്നേരം 3ന് എത്തുന്നത്. സമിതി ചെയര്‍മാന്‍ വി.വിജയസായി റെഡ്ഡിയുടെ നേതൃത്വത്തില്‍ രാജ്യസഭയില്‍ നിന്നും പത്തും ലോകസഭയില്‍ നിന്നും ഇരുപതും എം.പിമാരാണ് പഠനയാത്രയിലുള്ളത്.
മുഹമ്മദ് നദിമുള്‍ഹഖ്, എസ്.ഫംഗ്നന്‍ കൊന്യാക്, ജുഗല്‍സിംഗ് ലോകന്ദ്വാല, മാനസ് രഞ്ജന്‍ മംഗരാജ്, ഡോ.സോണാല്‍ മാന്‍സിംഗ്, രജനി അശോകറാവു പാട്ടീല്‍, എ.എ റഹീം, കെ.മുരളീധരന്‍, ആന്റോ ആന്റണി, ഡോ.സി.എം രമേഷ്, റാം മാര്‍ഗനി ഭരത്, രാഹുള്‍ കശ്വാന്‍, രമേഷ്ചന്ദ്ര മാജി, സുനില്‍ബാബു റാവു മെന്ദെ, എസ്.എസ് പളനിമാണിക്യം, ഛെടി പാസ്വാന്‍, കമലേഷ് പാസ്വാന്‍, സുനില്‍കുമാര്‍ പിന്റു, പ്രിന്‍സ് രാജ്, തിരത് സിംഗ് റാവത്, മാലാറോയ്, രാജിവ് പ്രതാപ് റോഡി, ദുഷ്യന്ത് സിംഗ്, രാജ് ബഹദൂര്‍ സിംഗ്, രാംദാസ് ചന്ദ്രഭംഞ്ജി തദസ്, മനോജ് കുമാര്‍ തിവാരി, കൃപല്‍ ബാലാജി തുമനെ, ദിനേഷ്‌ലാല്‍ യാദവ് എന്നിവരടങ്ങുന്ന സംഘമാണ് സെന്ററിലെത്തുന്നത്.
മാജിക് പ്രധാന ബോധനമാധ്യമമാക്കി ഭിന്നശേഷിക്കുട്ടികളെ ഇതരകലകള്‍ പരിശീലിപ്പിക്കുന്ന രീതി ലോകത്താദ്യമായാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടപ്പിലാക്കിയിരിക്കുന്നത്. ഈ പഠനരീതി കുട്ടികളിലെ ബൗദ്ധിക സാമൂഹ്യ മാനസിക ശാരീരിക നിലകളില്‍ മാറ്റംവരുത്തിയതായി വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈയൊരു മാതൃക രാജ്യത്തുടനീളം നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തും. നേരത്തെ തമിഴ്‌നാട് സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി സെന്റര്‍ സന്ദര്‍ശിക്കുകയും തമിഴ്‌നാട്ടില്‍ ഡി.എ.സി മാതൃക നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.