തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനo കരിമ്പ് കൃഷിയെ ദോഷകരമായി ബാധിച്ചതിനാൽ കനത്ത വിളനാശം നേരിട്ടു. അതിനാൽ തന്നെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നു. ആഗോള വിപണിയിൽ വില കുതിച്ചുയർന്നതോടെ മില്ലുകൾ ഉയർന്ന നിരക്കിൽ കയറ്റുമതി കരാറുകൾ ഏറ്റെടുത്തു.
വിവിധ പ്രധാന വിൽപ്പന കേന്ദ്രങ്ങളിൽ പഞ്ചസാര വില ആറു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പ്രധാന കരിമ്പ് കൃഷി മേഖലകളിൽ മഴ ലഭ്യത കുത്തനെ കുറഞ്ഞതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയിൽ പഞ്ചസാര വിലയിൽ 3 ശതമാനം വർധനയാണുണ്ടായത്. വരൾച്ചാ ഭീഷണി ശക്തമായതോടെ പ്രധാന കരിമ്പ് ഉത്പാദന മേഖലകളിൽ വിളവെടുപ്പിൽ പത്ത് ശതമാനത്തിലധികം കുറവുണ്ടാകുമെന്നാണ് പഞ്ചസാര മിൽ ഉടമകൾ വിലയിരുത്തുന്നത്.
അമേരിക്കയിലും യൂറോപ്പിലും വരും ദിവസങ്ങളിൽ പഞ്ചസാര വിലയിൽ വൻ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മില്ലുടമകൾ പറയുന്നു. ഉത്പാദന ഇടിവ് ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ ആഭ്യന്തര വിപണിയിൽ പഞ്ചസാര വില രണ്ട് വർഷത്തിനിടെയിലെ ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഇതോടെ ആഭ്യന്തര വിപണിയിൽ രണ്ട് ലക്ഷം ടൺ പഞ്ചസാര വിറ്റഴിക്കാൻ ആഭ്യന്തര മില്ലുകളോട് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.