കോഴിക്കോട്: നിപ വൈറസ് ബാധ മൂലമുള്ള മരണങ്ങൾ, ഒട്ടേറെപ്പേർ നിരീക്ഷണത്തിലായ സാഹചര്യം എന്നിവയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി കോഴിക്കോട് ജില്ലാ ഭരണകൂടം. കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിൽ അടക്കം ജനങ്ങളുടെ കൂടിച്ചേരലുകൾ കർശനമായി വിലക്കി. കൺടെയ്ൻമെന്റ് സോണിലെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാനും നിർദേശം.
ബീച്ചുകളിലും പാർക്കുകളിലും ഷോപ്പിങ് മാളുകളിലും നിയന്ത്രണമുണ്ട്. ജില്ലയിൽ കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തിവച്ചു. പൊതുപരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ.
ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. രോഗിക്കൊപ്പം ഒരാൾക്കു മാത്രം കൂട്ടിരിക്കാം. പൊതുയോഗങ്ങൾ, വിവാഹം അടക്കം പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികൾ എന്നിവ മാറ്റിവയ്ക്കണമെന്നും കലക്റ്റർ നിർദേശിച്ചു.
നിപ പ്രതിരോധത്തോടനുബന്ധിച്ച് സർവകക്ഷി യോഗം ഇന്നു രാവിലെ 11ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടക്കും. രോഗബാധിത പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും പങ്കെടുക്കും..