തിരുവനന്തപുരം: പൊലീസിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചതിന് പിന്നാലെ, പണം നൽകി പൊലീസിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്ന് ലഭിക്കേണ്ട രേഖകൾക്ക് അടക്കം ഇനി പണം നൽകണമെന്ന് സർക്കാർ ഉത്തരവിറക്കി.
സ്വകാര്യ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിനുള്ള ഫീസ് നിരക്കു വർധിപ്പിച്ചു. ഫിംഗർ പ്രിന്റ് ബ്യൂറോ, ഫൊറൻസിക് സയൻസ് ലാബ് എന്നിവയിൽ നിന്നുള്ള സേവനത്തിനും ഫീസ് കൂട്ടി.
വാഹനാപകട കേസുമായി ബന്ധപ്പെട്ട് ഇൻഷ്വറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്ഐആർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മുറിവ് (വൂണ്ട്) സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഒരോന്നും ലഭിക്കാൻ 50 രൂപ വീതമാണ് നൽകേണ്ടത്. നേരത്തേ ഇതിന് പണം നൽകേണ്ടതില്ലായിരുന്നു. . ഒക്റ്റോബർ ഒന്നു മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരിക.