ആലപ്പുഴ : ഇന്ത്യന്‍ സ്വച്ഛതാ ലീഗ് ക്യാമ്പയിന്‍റെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ബീച്ചില്‍ ബൃഹത് ഇന്ത്യാ ഭൂപടമൊരുക്കി. ക്യാമ്പയിനിന്‍റെ ഉദ്ഘാടനവും ശുചിത്വ സന്ദേശ ക്യാന്‍വാസ് രചന ഉദ്ഘാടനവും നഗരസഭ ചെയര്‍പേഴ്സണ്‍ കെ കെ ജയമ്മ നിര്‍വ്വഹിച്ചു.
സ്വച്ഛ് ഭാരത് നിര്‍ദ്ദേശ പ്രകാരം രാജ്യത്തെ മുഴുവന്‍ നഗരസഭകൾ, ബീച്ചുകള്‍, ടൂറിസം സ്പോട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പ്രാതിനിധ്യം ഉയർത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി യുവാക്കളെ ദേശീയ പതാകയുടെ നിറത്തില്‍ അണിനിരത്തിയാണ് 100 അടിയോളം വരുന്ന ഇന്ത്യാ ഭൂപടം സൃഷ്ടിച്ചത്. ശുചിത്വ സന്ദേശം പകരുന്ന ചിത്രങ്ങള്‍ വരക്കുന്നതിനായി കലാകാരന്മാര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ 100 മീറ്റര്‍ നീളത്തില്‍ തുണിയില്‍ ഒറ്റ ക്യാന്‍വാസില്‍ ചിത്രരചനയും ക്യാമ്പയിന്‍റെ ഭാഗമായി ഒരുക്കി.
ആലപ്പി സ്കേറ്റേഴ്സ് ടീം ഇന്ത്യന്‍ സ്വച്ഛതാ ലീഗ് പതാക വാഹകരായി നടത്തിയ സ്കേറ്റിംഗ് പ്രകടനവും, തിലക് കോറിയോസ് അവതരിപ്പിച്ച ഫ്ലാഷ് മോബും ക്യാമ്പയിന് മിഴിവേകി.
പരിപാടിയിൽ വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ.എസ് കവിത, എം.ആര്‍ പ്രേം, എം.ജി സതീദേവി, നസീര്‍ പുന്നക്കല്‍, ആര്‍. വിനിത, കക്ഷിനേതാക്കളായ ശ്രീലേഖ ഹരികൃഷ്ണന്‍, സലിംമുല്ലാത്ത്, നഗരസഭ സ്വച്ഛതാ ലീഗ് ബ്രാന്‍റ് അംബാസിഡര്‍ ആഷ്ലിന്‍ അലക്സാണ്ടര്‍ കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി എ.എം മുംതാസ്, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞാശാന്‍, ഹരിതകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ രാജേഷ്, ഹെല്‍ത്ത് ഓഫീസര്‍ കെ.പി വര്‍ഗ്ഗീസ്, സ്വച്ഛതാ ലീഗ് നഗരസഭ നോഡല്‍ ഓഫീസര്‍ ജയകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരത്തിലെ യൂത്ത് ക്ലബ്ബുകള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, യുവജന സംഘടനാ പ്രതിനിധികള്‍, ഹൈസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ അടക്കം ക്യാമ്പയിനില്‍ അണിചേര്‍ന്നു. ക്യാമ്പയിനു ശേഷം നഗരസഭ ശുചിത്വ വാളന്‍റിയര്‍മാര്‍ ബീച്ച് ക്ലീനിംങ്ങും നടത്തി.