തിരുവനന്തപുരം: നിയമസഭയില്‍ ചില എംഎല്‍എമാര്‍ മോശം ഇടപെടലുകള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിലായിരുന്നു വിമര്‍ശനം. നിയമസഭയിൽ തർക്കമാകാം പക്ഷെ സൗഹൃദം പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സഭയുടെ അന്തസ് നഷ്ടപ്പെടാൻ ഇടയാകരുതെന്നും സ്വയം നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽ ഉയർന്നു വരണമെന്നും എന്നാൽ അവരവരുടേതായ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിലരുടെ പ്രവർത്തനങ്ങൾ സഭ നടപടികള്‍ക്ക് നിരക്കുന്നത് ആണോ എന്ന് ചിന്തിക്കണം.ചില ഘട്ടങ്ങളിൽ മോശം പദപ്രയോഗം ഉണ്ടാകുന്നു.അത് അവകാശം ആണെന്ന് ചിലർ കരുതുന്നു. ശരി അല്ലാത്തത് വിളിച്ചു പറയുന്നത് നല്ലത് ആണെന്ന് കരുതുന്ന ചിലർ ഉണ്ട്.എപ്പോഴും ഓരോ ആളുകളുടെയും ധാരണ അനുസരിച്ചാണ് ഇടപെടുന്നത്.അവരവരുടെ മനസാക്ഷിക്കു നിരക്കുന്നത് ആവണം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.