തിരുവനന്തപുരം: ഇപ്പോൾ ലോൺ ആപ്പ് തട്ടിപ്പുകൾ വർധിക്കുകയാണ്. പല ലോൺ ആപ്പുകളിൽ കുടുങ്ങിയുള്ള ആത്മഹത്യ പ്രവണതയും വർധിച്ചുവരികയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുളള പരാതികള്‍ അറിയിക്കാന്‍ വാട്ട്സ്ആപ്പ് നമ്പര്‍ തയ്യാറാക്കിയിരിക്കുയാണ് പോലീസ്. അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാനാണ് പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പർ ഒരുക്കിയിരിക്കുന്നത്.
94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്ട്‌സ്ആപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും.