കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ചത് ഒന്നിനെതിരേ രണ്ടു ഗോളിന്. ആദ്യത്തേത് ബെംഗളൂരുവിന്‍റെ സെൽഫ് ഗോളായിരുന്നെങ്കിൽ രണ്ടാം ഗോൾ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ വക. കർട്ടിസ് മെയിൻ ബെംഗളൂരുവിന്‍റെ ഏക ഗോളിന് ഉടമയായി.
ആദ്യ മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിസിന് കോർണർ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. തൊട്ടുപിന്നാലെ അഡ്രിയാൻ ലൂണ സുന്ദരമായി മുന്നേറിയ ശേഷം ബോക്സിലേക്ക് പന്ത് നൽകി.
പന്തിൽ ആധിപത്യം ബ്ലാസ്റ്റേഴ്സിനായിരുന്നു. ഇടയ്ക്ക് ബെംഗളൂരുവും ചില മുന്നേറ്റങ്ങങ്ങളിലൂടെ ബ്ലാസ് റ്റേഴ്സിനെ പ്രതിരോധത്തിലാക്കി. എന്നാൽ, ബോക്സിനു പുറത്ത് പന്തിന്‍റെ ചലനമറ്റു. മുപ്പത്തിയഞ്ചാം മിനിറ്റിലാണ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള ആദ്യ ഷോട്ട് പിറന്നത്. ബോക്സിന് പുറത്തു നിന്ന് ബെംഗളൂരുവിന്‍റെ മുൻ ബ്ലാസ്റ്റേഴ്സ് നായകൻ കൂടിയായിരുന്ന കർണെയ്റോ തൊടുത്ത നല്ലൊരു ഇടം കാൽ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് കോർണറിന് വഴങ്ങി കുത്തിപ്പുറത്താക്കി. ഈ കോർണറും അപകട ഭീഷണി ഉയർത്താതെ കടന്നു പോയി.
അറുപത്തി അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വിറച്ചെങ്കിലും ആദ്യം സച്ചിൻ സുരേഷിന്‍റെയും പിന്നീട് ജീക്സൺ സിങ്ങിന്‍റെ ബൈസിക്കിൾ കിക്കിന്‍റെയും കരുത്തിൽ സ്വന്തം വലകുലുങ്ങാതെ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു. അറുപത്തി ഒൻപതാം മിനിറ്റിൽ ആവേശം ഇരട്ടിപ്പിച്ച് ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്തി. ഗുർപ്രീത് സിങ്ങിന്‍റെ പിഴവിൽ നിന്ന് അഡ്രിയാൻ ലൂണയാണ് അനായാസം ബെംഗളൂരുവല കുലുക്കിയത്.
തൊണ്ണൂറാം മിനിറ്റിൽ കർട്ടിസ് മെയിൻ ബെംഗളൂരുവിനു വേണ്ടി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പിന്നെയൊരു തിരിച്ചുവരവിന് സമയം ശേഷിച്ചിരുന്നില്ല.