കണിയാപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ 45 ലക്ഷത്തോളം വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിനുള്ള ഫണ്ട് ലഭ്യമാക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിദ്യാർത്ഥി ദ്രോഹ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ കമ്മിറ്റി കണിയാപുരം മുസ്ലിം സ്കൂളിന് മുന്നിൽ പ്രതിഷേധ കഞ്ഞിവെപ്പ് സംഘടിപ്പിച്ചു.
സ്കൂളുകളിൽ കഴിഞ്ഞ 3 മാസമായി കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയതിന് പ്രഥമാധ്യാപകർക്ക് ലഭിക്കാനുള്ളത് 130 കോടി രൂപയാണ്. ഉച്ചഭക്ഷണ ഫണ്ടിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവുമാണ്.തുക കിട്ടാത്തതിനാൽ പ്രഥമാധ്യാപകർ പലിശയ്ക്ക് പണം എടുത്ത് ഉച്ചഭക്ഷണം നൽകേണ്ട സ്ഥിതിയാണിപ്പോൾ.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്‌കൂൾ വിദ്യാർഥികൾ ഉച്ചഭക്ഷണം ഉണ്ണുന്നത് പ്രഥമാധ്യാപകരുടെ ദയാവായ്പിലാണെന്നത് സർക്കാരിന് നാണക്കേടാണ്. ഇനിയും കടംവാങ്ങി കുട്ടികളെ അന്നം കഴിപ്പിച്ചാൽ സ്വന്തം കുടുംബം പട്ടിണിയാകുമെന്ന തിരിച്ചറിവിൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നിർത്തിവയ്ക്കാൻ പ്രഥമാധ്യാപകരുടെ സംഘടന ഒരുങ്ങുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തിന് മാതൃകയായ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ സർക്കാർ തന്നെ മണ്ണുവാരിയിടുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.
വിദ്യാർഥികളുടെ വിശപ്പടക്കി സർക്കാരിന്റെ അന്തസ് കാത്ത അധ്യാപകരെ സംരക്ഷിക്കേണ്ടത് സർക്കാരിൻറെ ബാധ്യതയാണ്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതികൊണ്ട് trendകടക്കാരായ പ്രഥമാധ്യാപകരെ ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം നിർവഹിച്ച ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് ആവശ്യപ്പെട്ടു.പ്രതിഷേധ സംഗമത്തിന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻറ് അംജദ് റഹ്മാൻ
അധ്യക്ഷത വഹിച്ചു.
അമിത സാമ്പത്തിക ബാധ്യതയും ഒട്ടേറെ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടതിനാൽ എൽപി ,യുപി സ്കൂളുകളിലെ പ്രധാനാധ്യാപകരാകാൻ അധ്യാപകർക്ക് താല്പര്യം ഇല്ലാത്ത സ്ഥിതിയാണുള്ളത്.3 വർഷത്തിനുള്ളിൽ 500 പേരാണ് ഈ തസ്തിക വേണ്ടെന്ന് വെച്ചത്.ഒരുകാലത്ത് അഭിമാനത്തോടെ നാം പറഞ്ഞിരുന്ന പൊതുവിദ്യാലയങ്ങളിൽ നിന്നാണ് പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥകൾ ഉയരുന്നത്. ഈ അധ്യയന വർഷത്തെ കണക്ക് പുറത്തുവന്നപ്പോൾ പൊതു വിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതിന്‍റെ ചിത്രം അതിന് ഉദാഹരണമാണ്.
അക്കാദമിക് വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട അധ്യാപകർ ഉച്ചഭക്ഷണ പദ്ധതിയിലും മറ്റും കുടുങ്ങി കടംകേറി പണം ഉണ്ടാക്കാൻ ഉള്ള ഓട്ടത്തിലാണ്. പണം കണ്ടെത്തലും പദ്ധതി നടപ്പാക്കലും സർക്കാരിൻറെ മാത്രം ബാധ്യതയാണ്. ആയതിനാൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധ്യക്ഷത വഹിച്ച അംജദ് റഹ്മാൻ പറഞ്ഞു. ഫൈസൽ, സാജിദ് ,നിഷാത്ത്, നൂർഷ, ഹുദാ എന്നിവർ നേതൃത്വം നൽകി.