തിരുവനന്തപുരം: അറുപതു വർഷമായി മലയാള സിനിമയിൽ സജീവസാന്നിധ്യമായ മധുവിന് ഇന്ന് തൊണ്ണൂറാം ജന്മദിനം. കോളെജ് അധ്യാപകന്റെ തൊഴിൽ ഉപേക്ഷിച്ച് ചലച്ചിത്രഅഭിനേതാവായ മധു, നാനൂറിലധികം കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയിട്ടുണ്ട്. 12 സിനിമകൾ സംവിധാനം ചെയ്തു. 15 സിനിമകൾ നിർമ്മിച്ചു.
പ്രണയനായകനായും പ്രതിനായകനായുമൊക്കെ ആറ് പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമാണ് മധു. മാധവൻ നായർ എന്നതാണ് മുഴുവൻ പേര്. 1963ൽ എൻ എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപാടുകളിലൂടെയാണ് മധു സിനിമയിലെത്തിയത്.
തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് തിരുവനന്തപുരം മുൻ മേയർ ആർ പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മകനായി 1933-ലാണ് ജനനം. നാട്ടിൻപുറത്തെ നാടകങ്ങൾ കണ്ടാണ് നടനാകാൻ മോഹിച്ചത്.
നാഗർകോവിലെ സ്‌കോട്ട് ക്രിസ്ത്യൻ കോളെജിൽ ഹിന്ദി അധ്യാപകനായിരിക്കെ 1959-ൽ ദൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിക്കാനായി അധ്യാപകന്റെ തൊഴിൽ ഉപേക്ഷിച്ചു. സ്‌കൂൾ ഓഫ് ഡ്രാമയിൽ വച്ച് നടൻ അടൂർ ഭാസിയാണ് മധുവിനെ സംവിധായകൻ രാമു കാര്യാട്ടിന് പരിചയപ്പെടുത്തിയത്.