ബംഗളൂരു: കാവേരി നദീജലത്തർക്കം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കന്നഡ സംഘടനകൾ ഇന്നു ബംഗളൂരുവിൽ ബന്ദ് ആചരിക്കുകയാണ്. ഇതിനു പുറമേ, വെള്ളിയാഴ്ച സംസ്ഥാന വ്യാപക ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നു ബംഗളൂരു നഗരത്തിൽ ബന്ദിന് കർണാടക ജലസംരക്ഷണസമിതിയാണ് ആഹ്വാനം ചെയ്തത്. ഇതിനു പുറമേയാണ് കന്നഡ ചാലുവലി പ്രസിഡന്‍റ് വടൽ നടരാജിന്‍റെ നേതൃത്വത്തിൽ തീവ്ര കന്നഡ സംഘടനകളുടെ കൂട്ടായ്മ “കന്നഡ ഒക്കുട്ട’ വെള്ളിയാഴ്ച സംസ്ഥാനത്താകെ ബന്ദ് പ്രഖ്യാപിച്ചത്.
ഇതിനു പ്രതികരണമായി തമിഴ്നാട്ടിൽ കാവേരി തടത്തിലെ കർഷകരും പ്രക്ഷോഭത്തിലാണ്. കർണാടകയിലെ പ്രക്ഷോഭങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ടു തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കർഷക അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ആർ. പാണ്ഡ്യന്‍റെ നേതൃത്വത്തിൽ ഇന്നലെ ചെന്നൈയിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.