
കഴക്കൂട്ടം : ആക്കുളം എം.ജി എം. സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിനിടെ വിധിനിർ ണയവുമായി ബന്ധപ്പെട്ട തർക്ക ത്തെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് മൂന്ന് സ്കൂൾ ജീവനക്കാർക്ക് പരിക്കേറ്റത്. തോന്നയ്ക്കൽ ബ്ലൂ മൗണ്ട് സ്കൂളിലെ ജീവനക്കാരായ അരുൺ, അൻസിൽ, സുബിൻ എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നു പേരും ആറ്റിങ്ങൽ വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ സ്കൂൾ അധികൃതർ തുമ്പ പൊലീസിൽ പരാതി നൽകി.
സെപ്റ്റംബർ 29, 30, ഒക്ടോബർ 1 തിയതികളിൽ ആക്കുളം എം.ജിഎം. സ്കൂളിലാണ് ട്രിവാൻഡ്രം സഹോദയ കലോത്സവം നടന്നത്. അവസാന ദിവസമായ ഒക്ടോബർ 1ന് വൈകിട്ട് ആറ് മണിയോടു കൂടിയാണ് സംഭവം. ആദ്യ രണ്ട് ദിവസം തോന്നയ്ക്കൽ ബ്ലൂ മൗണ്ട് സ്കൂളാണ് മത്സരങ്ങളിൽ ലീഡ് ചെയ്തിരുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. അവസാന ദിവസം എം ജി എം സ്കൂൾ ഗ്രേഡ് പോയിന്റിൽ കൃത്രിമം കാട്ടിയതായി പരാതി ഉയർന്നു. ഇത് ബ്ലൂ മൗണ്ടിലെ സ്കൂൾ ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സംഘർഷത്തിനിടയായത്. ബ്ളൂമൗണ്ട് സ്കൂളിന്റെ ലോഗോ അനാവശ്യമായി ഉപയോഗിച്ച് സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ സൈബർ പോലീസിലും പരാതി നൽകി. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും തോന്നയ്ക്കൽ ബ്ളുമൗണ്ട് സ്കൂൾ ചെയർമാൻ അഡ്വ. കെ വിജയൻ അറിയിച്ചു.


