തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം ഗൂഡാലോചനയാണെന്നും അതിന് പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണ് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് സി.പി.എമ്മിൽ നിന്നും ഇടത് മുന്നണിയിൽ നിന്നുമാകും.
പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലുമൊക്കെ ഉൾപ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല.
മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന അഖിൽ സജീവ് ആരാണ്? സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ഇയാൾ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സി.പി.എം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്ക് ഇപ്പോഴും സി.പി.എം നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട്. അഖിൽ സജീവിന്റെ സംരക്ഷകർ ആരൊക്കെയാണ് എന്നത് കൂടി അന്വേഷിക്കണം. അപ്പോൾ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാകും.
യാഥാർത്ഥ്യങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നിൽ നിലനിൽക്കെയാണ് മുഖ്യമന്ത്രി പാർട്ടി അണികൾക്ക് മുന്നിൽ ഗൂഡാലോചന സിദ്ധാന്തം അവതരിപ്പിച്ചത്. യുക്തിരഹിതമായ കള്ളം പറഞ്ഞാലും കൈ അടിക്കുന്ന പാർട്ടി അണികളുടെ മനോനിലയല്ല ബഹുഭൂരിപക്ഷം വരുന്ന പൊതു സമൂഹത്തിൻ്റേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്നും പ്രതിപക്ഷനേതാവ് തന്റെ വാർത്തക്കുറിപ്പിലൂടെ വ്യക്തമാക്കി.