തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായമേറിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു ആലപ്പുഴ ഹരിപ്പാട് സ്വദേശി കാർത്ത്യായനി അമ്മ. കഴിഞ്ഞ കുറച്ചു കാലമായി പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായിരുന്നു. നാല്പതിനായിരം പേർ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98ശതമാനം മാർക്കുവാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. 96ാമത്തെ വയസിലായിരുന്നു കാർത്യായനിയമ്മയുടെ ഒന്നാം റാങ്ക്.
2020ൽ നാരീ ശക്തി പുരസ്കാരം കാർത്ത്യായനി അമ്മയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ് വിൽ അംബാസിഡറായി കാർത്യായനിയമ്മയെ തിരഞ്ഞെടുത്തിരുന്നു. ഏഴാം ക്ലാസ് തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കവേയാണ് പക്ഷാഘാതം വന്ന് കിടപ്പിലായത്.