നേമം: നേമം താലൂക്ക് ആശുപത്രിയിൽ 30 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു. നേമം താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള രണ്ട് കെട്ടിട സമുച്ചയങ്ങളാണ് ഈ പദ്ധതിയിലൂടെ നിർമ്മിക്കുന്നത്. നബാർഡ് ധനസഹായത്തോടെ 22.24 കോടി രൂപ ചെലവാക്കി ആറ് നിലകളുള്ള കെട്ടിടവും എൻ.എച്ച്.എം. ന്റെ ധനസഹായത്തോടെ 8 കോടി രൂപ ചെലവാക്കി നിർമ്മിക്കുന്ന 3 നില കെട്ടിടവും ഉൾപ്പെട്ടതാണ് ഈ പദ്ധതി.
നബാർഡ് സഹായത്തോടെ നിർമ്മിക്കുന്ന കെട്ടിടത്തിൽ പാർക്കിംഗ്, എക്സ്-റേ, മെഡിക്കൽ ഗ്യാസ്, ഒബ്സർവേഷൻ റൂം, ലാബ്, നഴ്സിംഗ് സ്റ്റേഷനുകൾ, ഒ.പി. മുറികൾ, വെയിറ്റിംഗ് ഏരിയ, ഫാർമസി, സ്റ്റോർ, അൾട്രാ സൗണ്ട് സ്കാനിംഗ്, ഒഫ്താൽ യൂണിറ്റ്, ദന്തൽ യൂണിറ്റ്, ആർ.ഒ. പ്ലാന്റ്, ഐ.പി. വാർഡുകൾ, ഐസലോഷൻ വാർഡുകൾ, ജനറൽ വാർഡുകൾ, ഒഫ്താൽമിക് ഓപ്പറേഷൻ തിയേറ്റർ, ജനറൽ ഓപ്പറേഷൻ തിയേറ്റർ, റിക്കവറി റൂം, പോസ്റ്റ് ഒ.പി. വാർഡ്, മെഡിക്കൽ ഐ.സി.യു. എന്നിവ ഉണ്ടാകും.
മുപ്പത്തി അയ്യായിരം ചതുരശ്ര അടി വിസ്തീർണ്ണം ഈ കെട്ടിടത്തിനുണ്ടാകും. എൻ.എച്ച്.എം. ധനസഹായത്തോടെ നിർമ്മിക്കുന്ന കെട്ടിടത്തിൽ പാർക്കിംഗ്, ഡ്രയിനേജ്, റിസപ്ഷൻ, രജിസ്ട്രേഷൻ, പ്രൊഡ്യൂസർ, പ്ലാസ്റ്റർ റൂം, കൺസൾട്ടിംഗ് റൂമുകൾ, ഇ.സി.ജി. റൂം, എമർജൻസി ഓപ്പറേഷൻ തിയേറ്റർ, ഡയാലിസിസ് റൂം, സ്നാക്ക് ബാർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. പതിനാറായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണിത്,.
ദിവസേന ആയിരത്തിലേറെ രോഗികൾ ആശ്രയിക്കുന്ന നേമം താലൂക്ക് ആശുപത്രി ഈ പദ്ധതി പൂർത്തീകരിക്കുന്നതോടെ അടിസ്ഥാന സൗകര്യ മേഖലയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകും. സമയബന്ധിതമായി ഈ നിർമ്മാണം പൂർത്തീകരിക്കുമെന്ന് നേമം എം.എൽ.എ. യും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുമായ വി. ശിവൻകുട്ടി അറിയിച്ചു.