തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങള്‍ നേരില്‍ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ പത്‌നി ഡോ.സുദേഷ് ധന്‍കര്‍ എത്തി. സെന്ററിലെ കുട്ടികളുടെ പാട്ടും നൃത്തവും ചിത്രരചനയും ഇന്ദ്രജാലവുമൊക്കെ അത്ഭുതപ്പെടുത്തിയെന്നും മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്ന ഈ പരിശീലന പ്രക്രിയ ഭിന്നശേഷി സമൂഹത്തിന് വലിയൊരു പ്രചോദനമാണെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ സവിശേഷ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഡോ.സുദേഷും കുടുംബവും ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയത്. ഡോ.സുദേഷിനോടൊപ്പം മകനും ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. ഉച്ചയോടെയെത്തിയ സംഘം ഭിന്നശേഷിക്കുട്ടികളുടെ എല്ലാ പ്രകടനങ്ങളും സാക്ഷ്യം വഹിച്ച ശേഷമാണ് മടങ്ങിയത്.
സംഘത്തിന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും ജീവനക്കാരും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. സംഘത്തിന് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ നിര്‍മിച്ച പ്രത്യേക ഉപഹാരങ്ങളും നല്‍കി. ഡിഫറന്റ് ആര്‍ട് സെന്റര്‍ മാനേജര്‍ സുനില്‍രാജ് സി.കെ, ഫിനാന്‍സ് ഓഫീസര്‍ ഹരി.എസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജു ജെയിംസ്, മാജിക് പ്ലാനറ്റ് മാനേജര്‍ രാഖീരാജ് തുടങ്ങിയവര്‍ സംഘത്തെ സ്വീകരിച്ചു.