ടെൽ അവീവ്: റാഫ ഇടനാഴി തുറന്നു. ഒക്ടോബർ 7ന് ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഇടനാഴി തുറന്നത്. അവശ്യ സാധനങ്ങളുമായി 20 ട്രക്കുകളാണ് റാഫ അതിർത്തി കടക്കുക. കൂടാതെ ഈജിപ്തില്‍ നിന്ന് സഹായ ഇടനാഴിയിലൂടെ വെള്ളവും ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ഗാസയിലേക്ക് എത്തിക്കും.
ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ കവാടം വെള്ളിയാഴ്ച തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത് എന്നാൽ ഇന്നാണ് റഫാ ഇടനാഴി തുറക്കുന്നത്.
അതേസമയം, ഗാസയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദ്ദേശം നല്‍കി. ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഗാസ-ഇസ്രയേൽ യുദ്ധം 15-ാം ദിവസവും തുടരുകയാണ്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ 4,137 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ വകുപ്പ് അറിയിച്ചു.