തിരുവനന്തപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ അമൃത് സരോവർ പദ്ധതിയിൽ ഏറ്റെടുത്ത പ്ലാവോട് തോപ്പ് കുളം പുനരുദ്ധാരണത്തിന് പദ്ധതി രേഖ സമർപ്പിച്ച് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ നീരുറവ വാട്ടർ ക്ലബ് വിദ്യാർത്ഥികൾ. പദ്ധതി രേഖ ബാലരാമപുരം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫെഡ്രിക്ക് ഷാജിക്ക് കൈമാറി.
കുളത്തിലേക്ക് വന്നു ചേരുന്ന മലിന ജലം സംസ്‌കരിക്കാനും, ജലസേചനം മെച്ചപ്പെടുത്താനുമുള്ള മാർഗങ്ങളാണ് ഇതിലുള്ളത്. അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൽ സന്തോഷ് കുമാർ, എസ്.എഫ്.എസ് കോഡിനേറ്റർ ശശികല എസ്.കെ, വിദ്യാർത്ഥികളായ അപ്സര, ഹരിത എന്നിവരുൾപ്പെടുന്ന വാട്ടർക്ലബ് അംഗങ്ങളാണ് കുളം നവീകരണത്തിന് പദ്ധതി തയാറാക്കിയത്.