തിരുവനന്തപുരം: നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം 2023 ആഘോഷ പരിപാടികളുടെ ഭാഗമായി ആറുവേദികളിലായി പുഷ്പോത്സവം ഉണ്ടാകുമെന്നു കാര്‍ഷികവികസന-കര്‍ഷകക്ഷേമവകുപ്പുമന്ത്രി പി.പ്രസാദ്.കേരളീയത്തിലെ പുഷ്പമേളയുമായി ബന്ധപ്പെട്ട് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തരിക്കണ്ടം,സെന്‍ട്രല്‍ സ്റ്റേഡിയം,കനകക്കുന്ന്,അയ്യങ്കാളി ഹാള്‍, എല്‍.എം.എസ്.കോമ്പൗണ്ട്,ജവഹര്‍ ബാലഭവന്‍ എന്നീ വേദികളിലാണ് പുഷ്പോത്സവം.
നഗരത്തിലെ അഞ്ചുവേദികളിലെ പ്രധാനകേന്ദ്രങ്ങളില്‍ കേരളത്തിന്റെ തനിമയും സംസ്‌ക്കാരവും വിളിച്ചോതുന്ന ആറു പുഷ്പ ഇന്‍സ്റ്റലേഷനുകളും ഉണ്ടാകും. കേരളീയത്തിന്റെ ഉദ്ഘാടനചടങ്ങിനു മുന്നോടിയായി ഒക്ടോബര്‍ 29 മുതല്‍ നഗരത്തിലെ ഏഴു പ്രധാന ജങ്ഷനുകളില്‍ പൂക്കള്‍ കൊണ്ടുള്ള വിളംബരസ്തംഭംങ്ങളും സ്ഥാപിക്കും.
ഒരു ലക്ഷത്തോളം ചെടികളാണ് കനകക്കുന്നിലും മറ്റ് അഞ്ചുവേദികളിലുമായി എത്തുന്നത്.ഇതോടൊപ്പം പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മ്യൂസിയം, സൂ, സെക്രട്ടേറിയറ്റ്, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, കാര്‍ഷിക സര്‍വകലാശാല, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, പൂജപ്പുര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ അവരുടെ പ്രദര്‍ശനവുമായി കേരളീയം പുഷ്പമേളയില്‍ എത്തുന്നുണ്ട്.
റോസ്,ഓര്‍ക്കിഡ് എന്നിവയുടെ പ്രത്യേക പവലിയന്‍ പുഷ്പമേളയ്ക്ക് മാറ്റുകൂട്ടും.കനകക്കുന്നില്‍ പുഷ്പങ്ങളുടെ അലങ്കാരവും ഫ്‌ളോറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ മത്സരങ്ങളും ഉണ്ടാകും.കേരളീയം പുഷ്പോത്സവ കമ്മിറ്റ ചെയര്‍മാനായ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു,കണ്‍വീനര്‍ ഡോ.എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പുഷ്പമേള വേദികള്‍
1.പുത്തരിക്കണ്ടം ഇ.കെ.നായനാര്‍ പാര്‍ക്ക്:
സസ്യ പുഷ്പ പ്രദര്‍ശനം
2.എല്‍.എം.എസ് കോമ്പൗണ്ടിന്റെ താഴത്തെ ഭാഗം:
പഴവര്‍ഗ്ഗ ചെടികള്‍
3.സെന്‍ട്രല്‍ സ്റ്റേഡിയം ഗേറ്റിനടുത്തും വശങ്ങളിലും:
സസ്യ പുഷ്പ പ്രദര്‍ശനം
4.കനകക്കുന്ന്:
ഇടതു വശത്തെ പ്രവേശന കവാടത്തില്‍ നിന്ന് ടാര്‍ റോഡിലൂടെ,ഇന്റര്‍ലോക്ക് പാത വഴി ഫ്‌ളാഗ് പോസ്റ്റിലെത്തുന്നത് വരെ സസ്യ പുഷ്പ പ്രദര്‍ശനം, പുഷ്പ അലങ്കാരം,വെജിറ്റബിള്‍ കാര്‍വിങ്,മത്സരങ്ങള്‍ മുതലായവ.
സൂര്യകാന്തി ഗേറ്റിനു സമീപം സസ്യ പുഷ്പ പ്രദര്‍ശനവും വില്‍പ്പനയും.
5.അയ്യങ്കാളി ഹാള്‍:ഹാളിനു പുറത്ത് ബോണ്‍സായ് ചെടികള്‍,സസ്യ പുഷ്പ പ്രദര്‍ശനം
6.ജവഹര്‍ ബാലഭവന്‍:പ്രധാന കവാടത്തില്‍ നിന്ന് സെക്യൂരിറ്റി ഓഫീസിലേക്കുള്ള വഴിയില്‍ ഔഷധസസ്യങ്ങള്‍.
പുഷ്പ ഇന്‍സ്റ്റലേഷനുകള്‍
1.കനകക്കുന്ന്:കടുവ
2.കനകക്കുന്ന്:ആഞ്ഞിലി മരത്തിനു താഴെ,ഫ്‌ളാഗ് പോസ്റ്റിന് സമീപത്തായി ഗാന്ധിജി.
3.പുത്തരിക്കണ്ടം(ഇ.കെ.നായനാര്‍ പാര്‍ക്ക്)ആര്‍ച്ചിനു പുറത്ത്:ചുണ്ടന്‍ വള്ളം
4.ടാഗോര്‍ തിയറ്റര്‍:പ്രധാന കവാടത്തിന് അകത്ത് തെയ്യം
5.എല്‍.എം.എസ്:പള്ളിയുടെ മുന്‍പില്‍;വേഴാമ്പല്‍
6.സെന്‍ട്രല്‍ സ്റ്റേഡിയം:മുഖ്യ വേദിക്കു സമീപം:കേരളീയം ലോഗോ.
വിളംബരസ്തംഭങ്ങള്‍
1.വെള്ളയമ്പലം:കെല്‍ട്രോണ്‍ പ്രധാന കവാടത്തിനു സമീപം.
2.കനകക്കുന്ന്: റോഡരികില്‍,കൊട്ടാര ഗേറ്റിന്റെ വലതുവശം.
3.എല്‍.എം.എസ്:രാമറാവു ലാംപ്
4.പി.എം.ജി സ്റ്റേഡിയത്തിനു മുന്നില്‍
5.പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം
6.സ്റ്റാച്യു മാധവറാവു പ്രതിമയ്ക്ക് സമീപം
7.തമ്പാനൂര്‍:പൊന്നറ ശ്രീധര്‍ പാര്‍ക്ക്