തിരുവനന്തപുരം: കേരളീയം ഭക്ഷ്യ മേളയില്‍ തനത് കേരള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബ്രാന്‍ഡഡ് ഭക്ഷ്യവിഭവ സ്റ്റാളുകളുടെ ഉദ്ഘാടനം കനകക്കുന്നിലെ സൂര്യകാന്തിയില്‍ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജി.ആര്‍. അനില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ബ്രാന്‍ഡഡ് വിഭവങ്ങളുടെ പത്ത് സ്റ്റാളുകളാണുള്ളത്. കഫേ കുടുംബശ്രീയുടെ ഫുഡ് സ്റ്റാളുകളും ഇതോടൊപ്പമുണ്ട്.
രാമശേരി ഇഡ്ഡലി, ബോളിയും പായസവും, കര്‍ക്കിടക കഞ്ഞി,പുട്ടും കടലയും,മുളയരി പായസം,വനസുന്ദരി ചിക്കന്‍,പൊറോട്ടയും ബീഫും,കുട്ടനാടന്‍ കരിമീന്‍ പൊള്ളിച്ചത്,കപ്പയും മീന്‍കറിയും,തലശേരി ബിരിയാണി എന്നീ 10 കേരളീയ വിഭവങ്ങളാണ് ബ്രാന്‍ഡഡ് ആക്കുന്നത്.
ഷെഫ്പിള്ള,ആബിദ റഷീദ്, ഫിറോസ് ചുട്ടിപ്പാറ,പഴയിടം മോഹനന്‍ നമ്പൂതിരി, കിഷോര്‍ എന്നിങ്ങനെ പാചകരംഗത്തെ പ്രശസ്തര്‍ അവരവരുടെ വ്യത്യസ്ത പാചകരീതികള്‍ അവതരിപ്പിക്കുന്ന ഫുഡ്‌ഷോ സൂര്യകാന്തിയില്‍ ഇന്ന് (നവംബര്‍ 2 ) മുതല്‍ ആറുവരെ അരങ്ങേറും.
ആയിരത്തിലേറെ കേരളീയ വിഭവങ്ങളുമായി മാനവീയം വീഥി മുതല്‍ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് കേരളീയം ഭക്ഷ്യമേള നടക്കുന്നത്. ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ എ.എ. റഹിം എം.പിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.