തിരുവനന്തപുരം: കെ എസ് യു പ്രവർത്തകരും പോലീസും തമ്മിലുള്ള വൻ സംഘർഷത്തിനാണ് ഇന്ന് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. കേരളവർമ്മ കോളേജിലെ ജനാധിപത്യ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ, ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആർ.ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് കെഎസ് യു മാർച്ച് സംഘടിപ്പിച്ചത്. മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് വസതിക്ക് സമീപം വച്ച് തടയുകയായിരുന്നു. സമാധാനപരമായി ഡിസിസി ഓഫീസിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. മന്ത്രിയുടെ വസതിയ്ക്ക് സമീപത്തുവച്ചാണ് സമാധാനപരമായി നീങ്ങിയ മാർച്ചിൽ പൊലീസ് ഇടപെട്ട് സംഘർഷാവസ്ഥയിലായത്.
വിദ്യാർത്ഥികളെ പോലീസ് ക്രൂരമായി മർദിക്കുകയും നിരവധി തവണ ജലപീരങ്കിയും ലാത്തിച്ചാർജും നടത്തുകയും ചെയ്തു. പോലീസ് ലാത്തി കൊണ്ട് തലയ്ക്കടിച്ച വനിതാപ്രവർത്തകയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റു പ്രവർത്തകർക്കും സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാളയത്തേക്ക് എത്തിയ പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. നന്ദാവനം എആർ ക്യാമ്പിന് മുന്നിൽ പ്രതിഷേധിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചുമാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ തുടർന്ന് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. മാത്രമല്ല എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും പാർട്ടി തീരുമാനിച്ചു.