തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗനെ സിപിഐ പുറത്താക്കി. ഇന്ന് ചേര്‍ന്ന ജില്ല എക്സിക്യൂട്ടീവ് യോഗത്തിലാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്തത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ ഭാസുരാംഗനെതിരെ നടപടി കടുപ്പിച്ചതോടെയാണ് പാർട്ടി തീരുമാനനമെടുത്തത്.
ജില്ല എക്സിക്യൂട്ടീവ് യോഗത്തിനുശേഷം സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനാണ് ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി അറിയിച്ചത്.
അതേസമയം, ഭാസുരാംഗന്‍റെ വീട്ടിൽ ഇഡി പരിശോധന തുടരുകയാണ്. 27 മണിക്കൂറായി പരിശോധന ആരംഭിച്ചിട്ട്. പൂജപ്പുരയിലെ ഭാസുരാംഗന്‍റെ വീട്ടിലെ പരിശോധനക്കുശേഷം കണ്ടലയിലെ വീട്ടിലാണ് പരിശോധന തുടരുന്നത്. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാസുരാംഗൻ ഇ.ഡി കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.