നെടുമങ്ങാട്: മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലുമെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിലെ വീട്ടുമുറ്റ കൂട്ടായ്മകൾക്ക് തുടക്കമായി. നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ മണക്കോട് വയോ ക്ലബ്ബിന് സമീപം സംഘടിപ്പിച്ച യോഗം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ കേൾക്കാൻ മന്ത്രിസഭ നേരിട്ടെത്തുന്ന ചരിത്ര നിമിഷത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. സദസ്സിൽ ചർച്ചായാവേണ്ട വിഷയങ്ങൾ മനസിലാക്കാനും പരാതികൾ നേരത്തെ സ്വീകരിക്കാനുമായാണ് വീട്ടുമുറ്റ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണക്കോട് 124 ആം നമ്പർ ബൂത്തിൽ നടന്ന വീട്ടുമുറ്റ കൂട്ടായ്മയിൽ ഇരുനൂറിലധികം പേർ പങ്കെടുത്തു. 113 അപേക്ഷകളാണ് ലഭിച്ചത്.
ഡിസംബർ 21 വൈകിട്ട് ആറിനാണ് നെടുമങ്ങാട് മണ്ഡലത്തിൽ നവകേരള സദസ്സ്. നഗരസഭ പാർക്കിങ് ഗ്രൗണ്ടാണ് വേദി. നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ, നെടുമങ്ങാട് ആർ.ഡി.ഒയും സംഘാടകസമിതി കൺവീനറുമായ കെ.പി. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.