പത്തനംതിട്ട: മണ്ഡലകാലത്തെ തീർത്ഥാടന യാത്രയ്‌ക്ക് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രം തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്ര നട തുറന്നത്. പുതിയ മേല്‍ശാന്തിമാരായ പി എന്‍ മഹേഷിനെയും പി ജി മുരളിയെയും തന്ത്രി ക്ഷേത്രത്തിലേക്ക് ആനയിച്ചു. പുലർച്ചെ നട തുറന്ന ഉടൻ തന്നെ ഗണപതി ഹോമത്തോടെ നിത്യപൂജയും നെയ്യഭിഷേകവും നടന്നു. ദർശനത്തിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
തിരക്ക് കണക്കിലെടുത്ത് ഇന്ന് പുലർച്ചെ മൂന്നു മണിക്കായിരുന്നു നട തുറക്കൽ. ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. എല്ലാവരും ഒന്നു ചേരുന്ന സ്ഥലം ആയതിനാൽ ഇന്നത്തെ കാലത്ത് ശബരിമലക്ക് വലിയ പ്രസക്തിയുണ്ടെന്നും മനുഷ്യർ തമ്മിലുള്ള ഒരുമ വളർത്തിയെടുക്കുന്നതായിരിക്കണം ഈ തീർത്ഥാടനമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയ്‌ക്ക് നട തുറന്ന് ദീപം തെളിയിച്ചത് മുതൽ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് സന്നിധാനത്തെത്തി ദർശനം നടത്തിയത്. ശബരിമലയിലും പമ്പയിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. 17 ലക്ഷം ടിന്ന് അരവണയും രണ്ടുലക്ഷത്തോളം അപ്പവും നിലവിൽ സ്റ്റോക്ക് ഉണ്ട്.
ഡിസംബർ 27 വരെ പൂജകൾ ഉണ്ടാകും. ഡിസംബർ 27നാണ് മണ്ഡല പൂജ. അന്നു രാത്രി 10ന് നട അടയ്ക്കും. ഇതുവരെയുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് നട തുറക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുകയും ചെയ്യും. തുടർന്ന് വൈകിട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11ന് അടയ്ക്കും. ജനുവരി 15നാണ് മകരവിളക്ക്.