കണ്ണൂർ: പര്‍വ്വതസമാനമായ പ്രതിസന്ധികളെ വകഞ്ഞുമാറ്റിയാണ് കേരള സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഇരിക്കൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള സദസ്സ് ദൂര്‍ത്താണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ സദസ്സിലേക്ക് വരുന്ന അണികളെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്കായില്ല. കാരണം സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് ജനത്തിനറിയാം. അതിനാല്‍ ഒരു ഇതിഹാസമായി നവകേരള സദസ്സ് കേരളത്തില്‍ പടരുകയാണ്. ജീവിത നിലവാര സൂചികയില്‍ ഒന്നാമത്, കുറഞ്ഞ ശിശുമരണ നിരക്കുള്ള നാട്, 60 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനം, 120000 സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിയ നാട് എന്നിങ്ങനെ കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്.
ദേശീയപാത, തീരദേശ പാത, ടൂറിസം തുടങ്ങിയവ കേരളത്തെ ഇന്ത്യയുടെ വികസന ഭൂപടത്തില്‍ മികച്ച സ്ഥാനമുണ്ടാക്കി. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതോടെ മറ്റ് തുറമുഖങ്ങളും വികസന പാതിയിലാണ്. നേട്ടങ്ങള്‍ കാണുമ്പോള്‍ തലവേദനയുണ്ടാകുന്നവരാണ് നവകേരള സദസ്സിനെ എതിര്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.