തിരുവനന്തപുരം: നവംബർ 21 ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു. കടലും തീരവും കടലിന്റെ മക്കൾക്ക്, കടലിൽ ഖനനം ചെയ്യരുത്, രാത്രികാല ട്രോളിംഗ് നിരോധന നിയമം നടപ്പിലാക്കുക, നിയമ വിരുദ്ധമായി മത്സ്യബന്ധനം നടത്തുന്ന റിഗ്‌സീൻ പേഴ്സീൻ വള്ളങ്ങളെ പിടിച്ചെടുക്കുക, കൂടാല കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുക, ജനകീയ സമിതി നടത്തിയിട്ടുള്ള വിദഗ്ദരുടെ പഠന റിപ്പോർട്ട് സംസ്ഥാന സർക്കാർ ചർച്ച ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ വലിയ വേളി കടൽ തീരത്ത് കടലിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചത്. പ്രതിഷേധ സമരം ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം സിസ്റ്റർ മേഴ്‌സി മാത്യു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ് ജാക്‌സൺ പൊള്ളയിൽ മുഖ്യ പ്രാഭഷണം നടത്തി. കടലും തീരവും കുത്തകകൾക്ക് തീറെഴുതുവാനുള്ള നീക്കത്തിൻ്റെ ഭാഗമായി കടലിൽ ഖനനം ചെയ്യുവാനുള്ള ബില്ല് കേന്ദ്രം പാസ്സാക്കിയതിൽ ശക്തമായ പ്രതിഷേധം മത്സ്യ ത്തൊഴിലാളികളിൽ നിന്നും ഉണ്ടാകുമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സ്യ മേഖലയിൽ മത്സ്യത്തൊഴിലാളികളോടോ സംഘടനകളോടോ ചർച്ച ചെയ്യാതെ കടലും തീരവും ബഹുരാഷ്ട്ര കുത്തകകൾക്ക് വികസനത്തിൻ്റെ പേരിൽ പതിച്ചു കൊടുക്കു വാനുള്ള നീക്കത്തെ വരും നാളുകളിൽ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് സർക്കാരുകൾക്ക് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. ഫെഡറേഷൻ നേതാക്കളായ ആൻറോ ഏലിയാസ്, വലേരിയൻ ഐസക്ക്, ജനറ്റ്ക്ലീറ്റസ്, സീറ്റാ ദാസൻ, മെഡോണ, ബ്രദർ പീറ്റർ, ഷാജി തുണ്ടത്തിൽ, ഷിബു മരിയനാട്, ഗീതാ ബിജു എന്നിവർ പ്രസംഗിച്ചു.