തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം നടത്തി സൗദി അറേബ്യയിലേക്ക് മുങ്ങിയ പ്രതിയെ ഇന്റർപോളിൻ്റെ സഹായത്തോടുകൂടി സൗദിയിൽ നിന്ന് കേരളാ പോലീസ് അറസ്റ്റ് ചെയ്തു. 2006 ൽ നടന്ന മുരളിവധക്കേസിലെ 3-ാം പ്രതിയായ മൺവിള കിഴക്കുംകര സ്വദേശി ബൗഡൻ എന്നുവിളിക്കുന്ന സുധീഷിനെ (വയസ് 36) യാണ് സൗദി ഇൻ്റർപോളിൻ്റെ സഹായത്തോടു കൂടി കേരളാ പോലീസ് പിടികൂടി കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്.
ഇയാൾക്കെതിരെ നിരവധി കേസ്സുകളിൽ വാറണ്ടുകൾ നിലവിലുള്ളതാണ്. മുരളി വധക്കേസ്സിൽ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാൾക്കെതിരെ കേരളാ പോലീസിൻ്റെ റിപ്പോർട്ട് പ്രകാരം ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. റിയാദിൻ്റെ പ്രാന്തപ്രദേശങ്ങളിൽ ഇയാൾ ഡ്രൈവറായി ജോലി ചെയ്‌തുവരുന്ന വിവരം സൗദി പോലീസ് മുഖാന്തിരം ഇൻ്റർപോൾ ശേഖരിക്കുകയും തുടർന്ന് കേരളാ പോലീസിനെ വിവരം അറിയിക്കുകയും, കഴിഞ്ഞ 18 ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു ഐ.പി.എസ് ൻ്റെ നിർദ്ദേശാനുസരണം കഴക്കുട്ടം സൈബർസിറ്റി പോലീസ് അസിസ്റ്റൻ്റ് കമ്മിഷണർ ഡി.കെ പ്രിഥ്വിരാജിൻ്റെ നേതൃത്വത്തിൽ തുമ്പപോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, സൈബർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് റിയാദിലെത്തി സുധീഷിനെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചത്.
ഇതിനായി സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് അതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ വകുപ്പിൻ്റെ പ്രത്യേക അനു മതിയോടെയാണ് ടീം റിയാദിലെത്തി ഇൻ്റർപോൾ പിടികൂടിയ ഈ പ്രതിയെ കസ്റ്റഡിയിലെടുത്ത് കേരഉത്തിലെത്തിച്ചത്. ഏറെകോളിളക്കം സൃഷ്‌ടിച്ച മുരളി വധക്കേസ്സിലെ 1-ാം പ്രതി രാജേന്ദ്രബാബുവും, 2-ാം പ്രതി ഷൈനുവും വിചാരണക്ക് ഹാജരാകാതെ ഒളിവിൽപോയിട്ടുള്ളതാണ്. മദ്യവും മയക്കുമരുന്ന് വില്പനയും സംബന്ധിച്ച് പ്രതികൾ നടത്തിയ പ്രവർത്തികൾ തടഞ്ഞതിൻ്റെ പേരിലാണ് മുരളിയെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തി എന്നതാണ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം.
3-ാം പ്രതിയായ ബൗഡൻ സുധീഷ് റെഡ് കോർണർ നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായതിനെ തുടർന്ന് ഈ കേസ്സിൻ്റെ വിചാരണ വേഗത്തിലാക്കാനാണ് സിറ്റി പോലീസിൻ്റെ തീരുമാനം. ഈ പ്രതിയെ നാളെ സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കുന്നതാണ്.