വയനാട്: വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങി എല്ലാ മേഖലകളിലും സമഗ്രമായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. 6700 കോടി രൂപ ചെലവിലുള്ള പാക്കേജാണ് വയനാടിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ എടുത്തുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വയനാടിന് പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ട്. ഇതിന് പരിഹാരം കാണുന്നതിനായാണ് ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തില ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ഇതിനാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ കിഫ്ബി വഴി കണ്ടെത്തും. തുരങ്കപാതയുടെ രൂപരേഖ തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതിക്ക് ഏകദേശം 2134 കോടി രൂപയാണ് ചെലവ് വേണ്ടിവരിക. വിദ്യാഭ്യാസത്തിനും ചികിത്സക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്യുന്ന ഒട്ടേറെ പേര്‍ക്ക് പുതിയ വഴി വലിയ ആശ്വാസമാകും.
മാത്രമല്ല വിനോദ സഞ്ചാര മേഖലയിലും വയനാട് ജില്ല മുന്നേറുകയാണ്. വയനാടിന്റെ ടൂറിസം സാധ്യതയെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തും. 12 പ്രധാന ജൈന ക്ഷേത്രങ്ങളെ കൂട്ടിയിണക്കി ജെയിന്‍ സര്‍ക്കിളിന് രൂപം കൊടുത്തിട്ടുണ്ട്. പത്തുകോടി രൂപ ചെലവില്‍ ജില്ലാ പൈതൃക മ്യൂസിയം പൂര്‍ത്തീകരിച്ച് നാടിനു സമര്‍പ്പിച്ചു കഴിഞ്ഞു.സംസ്ഥാന ശരാശരിയുടെ നാല് ശതമാനത്തിലധികം വിനോദസഞ്ചാരികള്‍ വയനാട്ടില്‍ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതോടൊപ്പം 2016ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മൂന്ന് ലക്ഷം പട്ടയങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്.ആദിവാസി ജനവിഭാഗങ്ങള്‍ക്ക് എല്ലാ മേഖലയിലും വലിയ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എല്ലാ ആദിവാസി ഊരുകളിലും ആധികാരിക രേഖ ഉറപ്പാക്കിയ രാജ്യത്തെ ആദ്യ ജില്ലയാണ് വയനാട്.23 പഞ്ചായത്തില്‍ 3 നഗരസഭയിലും ഉള്ള മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കാനായി.
2036 ഡിജിറ്റല്‍ ലോക്കറുകളില്‍ ഇവരുടെ രേഖകള്‍സൂക്ഷിച്ചിരിക്കുകയാണ്. ചിറ്റിലപ്പള്ളിയും മാതൃഭൂമിയും ചേര്‍ന്നുള്ള വീടുകളും നാടിന് ആശ്വാസമാകും. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 49 ആദിവാസി കുടുംബങ്ങള്‍ക്ക് ആദ്യം വീട് ഒരുക്കി. ആദിവാസി പുനരധിവാസ കേന്ദ്രം പരൂര്‍കുന്നില്‍ ഒരുങ്ങുകയാണെന്നും 110 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ വീട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ ആരോഗ്യരംഗത്തും സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി വരികയാണ്. 45 കോടി ചെലവില്‍ മള്‍ട്ടിപര്‍പ്പസ് ബ്ലോക്ക് ഇവിടെ നിലവില്‍ വന്നു. 8 കോടി 20 ലക്ഷം മുടക്കി കാത്ത് ലാബ് ഒരുക്കി. ഹൃദ്രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ കാത്ത് ലാബ് വഴി സാധിക്കും. ജില്ലയിലെ ആരോഗ്യരംഗത്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തിന് 70 ലക്ഷം രൂപ ചെലവില്‍ ഹെല്‍ത്ത് ടെക്‌നിക്കല്‍ ലാബ് ഒരുക്കി. ആദിവാസികള്‍ക്കായി പ്രത്യേക ആരോഗ്യ പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. പോഷകാഹാരം കുറവുള്ള കുട്ടികള്‍ക്കായി പ്രത്യേക ന്യൂട്രീഷന്‍ സെന്ററുകള്‍, അരിവാള്‍ രോഗികള്‍ക്ക് ചികിത്സ സഹായം നല്‍കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ തുടങ്ങിയവയും നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടു. ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുക, ഉപജീവനം മാര്‍ഗം മെച്ചപ്പെടുത്തുക പങ്കാളിത്ത വനപരിപാലനം തുടങ്ങി മാതൃകപരമായ പരിപാടികളുമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. വനാശ്രിതര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കും. ചെറുകിട വന വിഭവങ്ങള്‍ക്ക് താങ്ങു വില ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ നിലവിലുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.
കല്‍പ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജിചെറിയാന്‍, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.