കഴക്കൂട്ടം: ടെക്നോപാർക്ക് നിള വിക്കറ്റ് ഗേറ്റ് തുറക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഗേറ്റ് തുറക്കുന്നതിനെ പറ്റി എം എൽ എ കടകംപള്ളി സുരേന്ദ്രനും ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജും ടെക്നോപാർക്ക് സി.ഈ .ഒ കേണൽ സഞ്ജീവ് നായരും നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇതിനെ തുടർന്ന് ജില്ലാ കളക്ടർ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസുമായും ടെക്നോപാർക്ക് ചീഫ് സെക്യൂരിറ്റി ഓഫീസറുമായും ചർച്ച നടത്തിയതിനു ശേഷം ഗേറ്റ് തുറക്കാൻ തീരുമാനിക്കുകയായിരുന്നു. നൂറു കണക്കിന് ഐ ടി ജീവനക്കാർക്ക് പ്രയോജനം ചെയ്യുന്ന നിള സൈഡ് ഗേറ്റ് സുരക്ഷ വർധിപ്പിച്ചു തുറക്കണമെന്ന് അഭ്യർത്ഥിച്ചു
ടെക്നോപാർക്ക് സി.ഇ.ഒ, എം എൽ എ, മുഖ്യമന്ത്രി എന്നിവർക്ക് പ്രതിധ്വനി നിവേദനം നൽകിയിരുന്നു. മാത്രമല്ല ഗേറ്റ് അടച്ച് പൂട്ടിയതോടെ സമീപത്തെ കച്ചവടസ്ഥാപനക്കാരും രാഷ്ട്രീയ സംഘടനകളും ടെക്നോപാർക്കിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.കൂടാതെ ശശിതരൂർ എം.പിയും രണ്ടുദിവസം മുമ്പ് സ്ഥലത്ത് എത്തുകയും ടെക്നോപാർക്ക് സി.ഇ.ഒയുമായി സംസാരിക്കുയും ചെയ്തിരുന്നു.