തിരുവനന്തപുരം: നവകേരള സദസ്സിന്റെ തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഡിസംബര്‍ 20 മുതല്‍ 23 വരെയാണ് ജില്ലയില്‍ നവകേരള സദസ്സ് നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണെന്നും നവകേരള സദസ്സ് നടന്ന സ്ഥലങ്ങളിലെല്ലാം വലിയ ജനക്കൂട്ടമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലും വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് എല്ലാ വേദികളിലും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് അദ്ദേഹം നിര്‍ദേശം നല്‍കി. പ്രഭാതയോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും ആവശ്യമായ ക്രമീകരണങ്ങളൊരുക്കണം. എല്ലാ വേദികള്‍ക്കും അഗ്നിരക്ഷാസേനയുടെയും മെഡിക്കല്‍ സംഘത്തിന്റെയും സേവനം ഉറപ്പുവരുത്തുന്നതിനും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനും മന്ത്രി നിര്‍ദേശിച്ചു.
മന്ത്രി ആന്റണി രാജുവിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ജോസ്.ജെ, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, എല്ലാ മണ്ഡലങ്ങളിലെയും സംഘാടക സമിതി കണ്‍വീനര്‍മാര്‍ എന്നിവരും പങ്കെടുത്തു.