പാലക്കാട്: നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസ്സിനോട് അനുബന്ധിച്ച് ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാതസദസ്സില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നെല്‍കര്‍ഷകരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അവരെ സഹായിക്കാനുള്ള ഒട്ടേറെ നടപടികള്‍ എടുത്തുകഴിഞ്ഞു. നെല്‍കര്‍ഷകര്‍ക്ക് പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഗൗരവമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. ചീഫ് സെക്രട്ടറി തലത്തിലും ബാങ്കിങ് തലത്തിലും സമിതി നിലവിലുണ്ട്.
സംസ്ഥാനത്തിന്റെ പൊതുപ്രശ്‌നങ്ങളും പുതിയസംവിധാനം കൊണ്ടുവരുന്നതിലെ സാങ്കേതികമായ തടസ്സങ്ങളുമാണ് ഇടപെടലുകള്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടാകാത്തതിന് കാരണം. എങ്കിലും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാണ്ടാകാതെ മുന്നോട്ട് പോകാനുള്ള സാഹചര്യം ഒരുക്കാനായിട്ടുണ്ട്. സ്ഥായിയായ പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നെല്ലിന് ഇവിടെ നല്‍കുന്ന സംഭരണ വില രാജ്യത്ത് തന്നെ ഏറ്റവും കൂടിയതാണെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.