തിരുവനന്തപുരം: ഡോ. ഷഹനയുടെ വീട് സന്ദർശിച്ച് കെ കെ ശൈലജ ടീച്ചർ. കുടുംബത്തിൻ്റെ വലിയ പ്രതീക്ഷയായിരുന്നു ഷഹനയെന്നും ഇടത്തരം കുടുംബത്തിൽ നിന്ന് മക്കളെ പഠിപ്പിച്ച് ജീവിത സുരക്ഷിതത്വത്തിലേക്കെത്തിക്കാൻ ഷഹനയുടെ ഉമ്മ നടത്തിയ പരിശ്രമം ത്യാഗപൂർണമായിരുന്നുവെന്നും ശൈലജ ടീച്ചർ പറഞ്ഞു. ഷഹനയുടെ അച്ഛൻ നേരത്തെ മരിച്ചു പോയിരുന്നുവെങ്കിലും മൂന്ന് മക്കൾക്കും നല്ല വിദ്യാഭ്യാസം ലഭ്യമാക്കാൻ ഷഹനയുടെ ഉമ്മയ്ക്ക് സാധിച്ചു.
എന്നാൽ ആ പ്രതീക്ഷയെല്ലാം തല്ലിക്കെടുത്തിക്കൊണ്ടാണ് സ്ത്രീധനമെന്ന മാരണം ആ കുടുംബത്തിൽ വലിയ ആഘാതം വിതച്ചത്. നമ്മുടേതു പോലെ വിദ്യാസമ്പന്നമായ ഒരു സമൂഹത്തിൽ ഇപ്പോഴും സ്ത്രീധനം പോലൊരു വിപത്ത് നിലനിൽക്കുന്നുവെന്നത് സമൂഹമാകെ ചിന്തിക്കേണ്ട വിഷയമാണെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി. മനുഷ്യരുടെ മനോഭാവത്തിൽ കാതലായ മാറ്റമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നതാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും സുസ്ഥിരമായ ജോലി ലഭ്യമായിട്ട് പോലും ചെറുപ്പക്കാരുടെ മനസിൽ പണത്തിനും ആഢംബരത്തിനുമുള്ള അത്യാർത്തി നിലനിൽക്കുന്നുവെന്നതിൻ്റെ ഉദാഹരണമാണ് റുവൈസിൻ്റെ പെരുമാറ്റമെന്നും ഇതിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.
ഷഹനയുടെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിന് മുമ്പാകെ കൊണ്ടുവരികയും കടുത്ത ശിക്ഷ ഉറപ്പുവരുത്തുകയും വേണമെന്നും അതോടൊപ്പം ഇത്തരം വഞ്ചനകൾ തിരിച്ചറിയാനും സമചിത്തതയോടെയും ധീരതയോടെയും അതിനെ പ്രതിരോധിച്ച് നിൽക്കാനും ജീവിതത്തിലുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ കരുത്തോടെ നിർവ്വഹിക്കാനും കഴിയുന്ന രീതിയിൽ പുതുതലമുറ കരുത്ത് നേടേണ്ടതുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു.