കഴക്കൂട്ടം: നവകേരള സദസ്സിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിൽ ഇന്ന് (ഡിസംബർ 9) വിവിധ പരിപാടികൾ നടക്കും. രാവിലെ ഒൻപതിന് സ്‌കൂൾ വിദ്യാർത്ഥികളുടെ ക്വിസ് മത്സരം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഫൈനൽ മത്സരം കഴക്കൂട്ടം സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിലാണ് നടക്കുന്നത്. എൽ.പി തലത്തിൽ 35 സ്‌കൂളുകളിലും, യു.പി തലത്തിൽ 26 സ്‌കൂളുകളിലും, ഹൈസ്‌കൂൾ തലത്തിൽ 18 സ്‌കൂളുകളിലും, ഹയർസെക്കണ്ടറി തലത്തിൽ 11 സ്‌കൂളുകളിലുമാണ് മത്സരം നടത്തിയത്.
മണ്ഡലത്തിലെ വിവിധ മേഖലകളിലെ തൊഴിലാളികൾ പങ്കെടുക്കുന്ന തൊഴിലാളി സംഗമം മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുളത്തൂർ കോലത്തുകര ക്ഷേത്രം അമിനിറ്റി സെന്ററിൽ നടന്ന തൊഴിലാളി സംഗമത്തിൽ മാറുന്ന കാലത്തെ തൊഴിൽ സാഹചര്യങ്ങളെ സംബന്ധിച്ചും പുതിയ തൊഴിൽ സാഹചര്യങ്ങളെ സംബന്ധിച്ചും ചർച്ച നടന്നു. സാമൂഹ്യപ്രവർത്തകൻ റ്റി.ശശിധരൻ, പത്തനംതിട്ട ഡെപ്യൂട്ടി ലേബർ ഓഫീസർ അരുൺ.ബി എന്നിവർ സംസാരിച്ചു.
വൈകിട്ട് നാലിന് മണ്ഡലത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറും. കഴക്കൂട്ടം സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന തിരുവാതിര മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ തന്മയ സോൾ ഉദ്ഘാടനം ചെയ്യും.