ഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച് സുപ്രീം കോടതി. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമാണെന്ന് സുപ്രീം കോടതി. കൂടാതെ മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെടുന്ന അഞ്ചംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച മേഖലയ്ക്ക് സംസ്ഥാന പദവി തിരിച്ചു നൽകണമെന്ന് കോടതി പറഞ്ഞു. അതോടൊപ്പം 2024 സെപ്റ്റംബർ 30നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരാണ് വിധിയെഴുതിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. രണ്ട് ഉത്തരവുകളിലൂടെയാണ് രാഷ്ട്രപതി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി 2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്.