തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ ഇലക്ടറൽ റോൾ ഒബ്‌സർവർ ഡോ.ദിവ്യ.എസ്. അയ്യരുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് റോൾ ഒബ്‌സർവറുടെ ജില്ലയിലെ ആദ്യ സന്ദർശനമായിരുന്നു.
അർഹതയില്ലാത്ത ഒരു വ്യക്തിപോലും വോട്ടർ പട്ടികയിൽ ഇടം നേടരുതെന്നും വോട്ടർ പട്ടിക എല്ലാ വോട്ടർമാരിലേക്കും എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഇലക്ടറൽ റോൾ ഒബ്‌സർവർ പറഞ്ഞു. വോട്ടർ പട്ടികയിൽ സുതാര്യത ഉറപ്പ് വരുത്തുന്നുതിന് വില്ലേജ് ലെവൽ ഓഫീസർമാരും ബൂത്ത് ലെവൽ ഓഫീസർമാരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശിച്ചു. 2,730 ബൂത്തുകളാണ് ജില്ലയിലുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യുവ വോട്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന് ഇലക്ടറൽ ലിറ്ററസി ക്ലബുകളിലൂടെ ബോധവത്കരണ ക്ലാസുകൾ നൽകും.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജനുവരി അഞ്ചിനാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സബിൻ സമീദ്, തഹസിൽദാർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.