
ഇറാൻ: സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ലബനോൻ തുടങ്ങി 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വിസയുടെ ആവശ്യമില്ലെന്ന് ഇറാനിയൻ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് ദർഗാമി പറഞ്ഞു.
33 രാജ്യക്കാർക്ക് ഒരു വിസയും കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കാനാവും വിധമാണ് വിസയിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ വാതിലുകൾ ലോകത്തിന് മുന്നിൽ തുറക്കാൻ സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിനോദസഞ്ചാരം ലോകത്തിലെ എല്ലാ ജനങ്ങളുടെയും അവകാശമാണ്. മെഡിക്കൽ ടൂറിസത്തിന് പുറമേ ഇറാൻ പ്രകൃതിയാൽ ആകർഷകമായ രാജ്യങ്ങളിലൊന്നാണെന്നും ഈ സവിശേഷതകൾ ലോകത്തിന് ആസ്വദിക്കാൻ തങ്ങൾ അവസരം ഒരുക്കുകയാണെന്നും മന്ത്രി പറഞ്ഞു.


