കുവൈത്ത്: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.
കുവൈറ്റിന്റെ പുരോഗതിയിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ്. 2006 ഫെബ്രുവരി 7 മുതൽ കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ്. 2020 സെപ്റ്റംബർ 29 നാണ് കുവൈത്തിന്റെ പതിനാറാമത്തെ ഭരണാധികാരിയായി അദ്ദേഹം സത്യ പ്രതിജ്ഞ ചെയ്തത്. കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായും തുടർന്ന് കുവൈത്തിന്റെ പ്രതിരോധ മന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ഇറാഖ് അധിനിവേശത്തിൽ നിന്ന് രാജ്യം മോചനം നേടിയതിനു ശേഷം നിലവിൽ വന്ന സർക്കാരിൽ തൊഴിൽ സാമൂഹിക കാര്യങ്ങളുടെ ഉപ മന്ത്രി പദവിയും അദ്ദേഹം വഹിച്ചു .
കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂൺ 20നു കുവൈത്ത് സിറ്റിയിലെ ഷർഖ് ൽ ആണ് ഷെയ്ഖ് നവാഫ് അൽ അഹമദ് സബാഹിന്റെ ജനനം. ശരീഫ സുലൈമാൻ അൽ ജാസ്സിം ആണ് ഭാര്യ. കുവൈത്ത് പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് സബാഹ് മൂത്ത മകൻ ആണ്.ഷെയ്ഖ് ഫൈസൽ അൽ നവാഫ്, ( ദേശീയ സേന മേധാവി ) ഷെയ്ഖ് അബ്ദുള്ള അൽ നവാഫ്, ഷെയ്ഖ് സാലിം അൽ നവാഫ് ( ദേശീയ സുരക്ഷാ മേധാവി ), ഷെയ്ഖ ഷെയ്ഖ എന്നിവരാണ് മറ്റു മക്കൾ.ഖബറടക്കം പിന്നീട് പ്രഖ്യാപിക്കും.