തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം 227 അധിക കേസുകൾ സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഈ മാസം സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി. മാത്രമല്ല നിലവിൽ 1634 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്.
എന്നാൽ കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ജനിതക ഘടനാ പരിശോധന നടത്തുന്ന ലാബുകളുടെ കണ്‍സോര്‍ഷ്യം നടത്തിയ പഠനത്തിലാണ് കേരളത്തില്‍ ജെ.എന്‍1 വകഭേദം കണ്ടെത്തിയത്. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്.
വാക്‌സിനെടുത്തതിനാൽ വൈറസ് അപകടകരമാകില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് ഇത് കാരണമാകും.