പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഭക്തജനങ്ങളുടെ തിരക്ക് വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കണക്കുകൾ അനുസരിച്ച് മണിക്കൂറിൽ 4500 പേർ വരെയാണ് പതിനെട്ടാം പടി ചവിട്ടുന്നത്. അതേസമയം വെർച്യുൽ ക്യു വഴി ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് 90,000 പേരാണ്. സ്പോട്ട് ബുക്കിങ് കൂടിയാകുമ്പോൾ ഒരുലക്ഷത്തോളം ഭക്തർ എത്താനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. കൂടാതെ പമ്പയിൽ സ്പോട്ട് ബുക്കിംഗ് 4000 വും കടന്നു.
വലിയ നടപ്പന്തലിൽ 6 വരിയയാണ് നിലവിൽ ക്യു ഏർപ്പെടുത്തിയത്. ഇന്ന് ശരംകുത്തിവരെ തീർഥാടകരുടെ ക്യു നീണ്ടു. ആറും ഏഴും മണിക്കൂർ കാത്തുനിന്നാണ് ഭക്തർ സന്നിധാനത്തെത്തി ദർശനം നേടുന്നത്. പരമാവധി വേഗത്തില്‍ ഭക്തരെ ദര്‍ശനം നടത്തി അയക്കുകയാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്. കൂടാതെ ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.