ചെന്നൈ: തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ പ്രളയ ഭീതി തുടരുന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ദുസ്സഹമായി തുടരുകയാണ്. കനത്ത മഴയിൽ മൂന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാതഗം തടസപ്പെട്ടു.
കഴിഞ്ഞ ദിവസം വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനെത്തി. 42 പേരെയാണ് ഇന്നലെ എയര്‍ ലിഫ്റ്റ് ചെയ്തത്. ശ്രീവൈകുണ്ഠം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയ 500 യാത്രക്കാര്‍ക്ക് മൂന്നാം ദിനം ഭക്ഷണം എത്തിച്ചു. റെയില്‍പാളങ്ങളില്‍ വെളളം കയറിയതിനാല്‍ പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് വൈകി നൽകുകയും പ്രവചനം പാളുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. നാളെ പ്രളയ ബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കും.