തിരുവനന്തപുരം: സംസ്ഥാനത്തെ സംരംഭകര്‍ക്കു മാത്രമല്ല പുറത്തു നിന്നുള്ള സംരംഭകര്‍ക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കി വ്യവസായത്തിന് എല്ലാ സാധ്യതയും തുറന്നു നല്‍കി ഒരു വ്യവസായ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പുതിയ സംരംഭങ്ങളാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒന്‍പതു മാസത്തിനകം ഈ ലക്ഷ്യം കൈവരിക്കാനായി. പൂട്ടിക്കിടന്ന വ്യവസായങ്ങള്‍ക്ക് പുതുജീവനേകാനും സര്‍ക്കാരിന് കഴിഞ്ഞതായും മാമം മൈതാനത്ത് നടന്ന ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ നവകേരള സദസ്സില്‍ മന്ത്രി പറഞ്ഞു.
നവകേരള സദസ്സിലൂടെ വികസന നേട്ടങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തു. മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നാലു ലക്ഷത്തിലധികം വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ കണ്ടെത്തി നിയമനം ഉറപ്പാക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പതിനായിരം പേര്‍ക്കാണ് പിഎസ് സി യിലൂടെ പുതുതായി നിയമനം നല്‍കിയത്. ഐ ടി മേഖലകളിലും ചെറുപ്പക്കാര്‍ക്ക് അനേകം തൊഴിലവസരങ്ങള്‍ ലഭ്യമാക്കി. കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ച് കര്‍ഷകരെ ഈ സര്‍ക്കാര്‍ ചേര്‍ത്തുനിര്‍ത്തിയതായും മന്ത്രി പറഞ്ഞു.
*സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത വികസനത്തിന് : മന്ത്രി ആന്റണി രാജു*
ഐ ടി, പൊതുജനാരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, ലോകോത്തര വിദ്യാഭ്യാസ സൗകര്യങ്ങള്‍, മലയോര പാതകള്‍, കോവളം -ബേക്കല്‍ ജലപാത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ തുടങ്ങിയവയിലൂടെ സമഗ്ര സുസ്ഥിര വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് നാടിന്റെ വികസനം സാധ്യമാക്കുന്നത്. സ്തംഭിച്ചു കിടന്ന വിവിധ പദ്ധതികള്‍ തുടരാനായി. കോവിഡ് രോഗികളെ അകറ്റിനിര്‍ത്തുന്ന സ്ഥലങ്ങളിലെ സമീപനമല്ല കേരളം സ്വീകരിച്ചത്. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച് സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളമാണ്. ആരും പട്ടിണികിടക്കാതിരിക്കാന്‍ സാമൂഹ്യ അടുക്കളകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഇത്തരം നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെയാണ് സര്‍ക്കാര്‍ ഇപ്പോഴും മുന്നോട്ടു പോകുന്നത്. ഇനിയും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
*ഗുണമേന്‍മയുള്ള ചികിത്സ ലഭ്യമാക്കാനായി : മന്ത്രി പി രാജീവ്*
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ വളര്‍ച്ചയിലൂടെ ഗുണമേന്‍മയുള്ള ചികിത്സ ലഭ്യമാക്കാനായതായി വ്യവസായ മന്ത്രി പി രാജീവ്. സര്‍ക്കാര്‍ തലത്തില്‍ ആദ്യമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയയും കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയും നടന്നതിലൂടെ ആരോഗ്യമേഖലയുടെ വളര്‍ച്ചയെയാണ് അടിവരയിടുന്നതെന്നും മന്ത്രി പറഞ്ഞു.
നവകേരള സദസ്സ് എല്ലാവരുടേതുമാണ്. മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്കെത്തുന്ന ഈ ദൗത്യം ചരിത്ര വിജയത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ കേരളം ലോകത്തിനുമുന്നില്‍ സവിശേഷമായ സംസ്ഥാനമായി മാറി. പരാതികള്‍ കണ്ടെത്തി പരിഹരിക്കുകയും പരിമിതികളെ അതിജീവിക്കുകയും നവകേരളം സാധ്യമാക്കുകയുമാണ് നവകേരള സദസ്സിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.