തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. കൂടാതെ കോവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. നിലവിൽ 2606 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വരും ദിവസങ്ങളിലെ രോഗവ്യാപനം കൂടി പരിഗണിച്ചാകും കേന്ദ്ര സർക്കാരിന്റെ തുടർ നടപടികൾ ഉണ്ടാവുക.
കൂടുതൽ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കും. കൂടാതെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ല തിരിച്ച് പകർച്ചവ്യാധി പോലുള്ള അസുഖങ്ങളും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചു.