പത്തനംതിട്ട: ശബരിമല വരുമാനത്തിൽ ഇടിവെന്ന് റിപ്പോർട്ട്. മണ്ഡലകാലം ആരംഭിച്ച് 39 ദിവസങ്ങൾ പിന്നിടുമ്പോഴാണ് കണക്കുകൾ വ്യക്തമാക്കി ദേവസ്വം ബോർഡ് രംഗത്തെത്തിയത്. ഇതുവരെ ശബരിമലയിലെ നടവരവായി ലഭിച്ചത് 204.30 കോടി രൂപയാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കുന്നത്. എന്നാൽ കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ മാറ്റമുണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ വർഷത്തെക്കാൾ 18 കോടിയുടെ കുറവുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ ശബരിമലയിൽ കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. അരവണ വിൽപനയിലൂടെ 96.32 കോടി രൂപയും, അപ്പം വിൽപനയിലൂടെ 12.38 കോടി രൂപ രൂപയും ലഭിച്ചു.
കുറവ് സാങ്കേതികം മാത്രമാണെന്നും തീർഥാടനം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാ വകുപ്പുകൾക്കും നന്ദിയെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31,43,163 പേരാണു ദർശനം നടത്തിയത്.