തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തൃശൂർ തേക്കിൻകാട് മൈതാനത്ത് “സ്ത്രീശക്തി മോദിക്കൊപ്പം” എന്ന പേരിൽ ബിജെപി നടത്തുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമത്രി ഇന്ന് തൃശൂരെത്തുക. ഉച്ചയോടെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും.
റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം പ്രധാനമന്ത്രി തൃശൂരിൽ ചെലവഴിക്കും. ജനറൽ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് സമ്മേളന വേദിയിലെത്തും. അഞ്ചുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് മോദി തൃശൂരിൽ എത്തുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുർത്തിയായിട്ടുണ്ട്.
സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം അടക്കമുള്ള രാഷ്ട്രീയ പ്രഖ്യാപനം സന്ദർശനത്തിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിക്കും.
മഹിളാ പ്രവർത്തകർക്കു പുറമെ അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലെ വനിതകള്‍ സമ്മേളനത്തിൽ പങ്കാളികളാകും. വിവിധ വിഭാഗങ്ങളിലുള്ള രണ്ടു ലക്ഷത്തോളം സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും. സമ്മേളനത്തിൽ ബി ജെ പി നേതാക്കളും ബീനാ കണ്ണൻ, ഡോ. എം. എസ് സുനിൽ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.