തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും മൃഗീയമായി മനുഷ്യ വേട്ട നടത്തിയവരുടെ പിന്തുടർച്ചാവകാശിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ രാഷ്ട്രീയ എതിരാളികൾ പോലീസിനാൽ പീഡിപ്പിക്കപ്പെട്ടത് യു ഡി എഫ് സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ മന്ത്രിമാരായിട്ടുള്ള താൻ , പി രാജീവ്, കെ എൻ ബാലഗോപാൽ തുടങ്ങി എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സിന്ധു ജോയ്,സംസ്ഥാന സെക്രട്ടറി ആയിരുന്ന ടി വി രാജേഷ്,സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന പി കെ ബിജു,ഗീനാകുമാരി,എ എ റഹീം, ടി വി രാജേഷ്, അമൃത, നമിത എന്നിങ്ങനെ നീണ്ടു പോകുന്നു ആ പട്ടികയെന്നും എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് മുത്തങ്ങ സമരവും ആദിവാസികൾക്ക് നേരെ പോലീസ് നടപടിയും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ് എഫ് ഐ നേതാവ് സനലിനെ കിട്ടാത്തത് കൊണ്ട് അച്ഛനായ ഹെഡ്മാസ്റ്ററായ ബാലകൃഷ്ണ പണിക്കറെ അറസ്റ്റ് ചെയ്ത സംഭവവും കേരളം കണ്ടതാണ്. ഈ ഹെഡ്മാസ്റ്റർ അന്നത്തെ ആഭ്യന്തര മന്ത്രി വയലാർ രവിയുടെ അദ്ധ്യാപകൻ ആയിരുന്നു. ഇത്തരം കാര്യങ്ങൾ പൊതുമണ്ഡലത്തിൽ ഉണ്ടായിരിക്കെയാണ് വി ഡി സതീശൻ പോലീസ് നടപടികളെ കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.