തിരുവനന്തപുരം: വടക്കൻ പാട്ട് കഥകളിലെ ഏടുകളിൽ നിന്നും ഉദയ പ്രൊഡക്ഷൻസ് നിർമ്മിച്ച തുമ്പോലാർച്ച എന്ന ചലച്ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിയിട്ട് 50 വർഷം പൂർത്തിയാകുന്നു. 1974 ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത് പുറത്തുവന്ന ഈ സിനിമക്ക് ഏറെ സവിശേഷതകളാണുള്ളത്. നിത്യ ഹരിത നായകൻ പ്രേം നസീറിനോടൊപ്പം തുടർച്ചയായി 108 ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ഷീല കുറെ വർഷത്തെ പിണക്കത്തിനു ശേഷം നസീറിന്റെ നായികയായി അഭിനയിച്ച ചിത്രമെന്നതാണ് ഏറെ പ്രാധാന്യം.
പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡികളുടെ രണ്ടാം വരവ് കേരളക്കര അത്യധികം ആഘോഷത്തോടെയാണ് വരവേറ്റത്. അതുകൊണ്ട് തന്നെ ഈ ചിത്രം അന്നത്തെ കളക്ഷനിൽ സർവ്വകലാ റിക്കാർഡ് കരസ്ഥമാക്കി. കൂടാതെ,ഈ ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ നസീറിനു നൽകുന്നതിനേക്കാൾ പ്രതിഫലം കൂടുതൽ വേണമെന്നും, നായകനോടൊപ്പം തൊട്ട ഭിനയിക്കാൻ കഴിയില്ലായെന്നും ഷീല നിബന്‌ധന വെച്ചു.
എന്നാൽ കുഞ്ചാക്കോ അതിന് തയ്യാറായില്ല. വിവരമറിഞ്ഞ പ്രേം നസീർ അത് കാര്യമാക്കാതെ കുഞ്ചാക്കോയോട് സമ്മതിക്കാൻ ആവശ്യപ്പെട്ടു. സെറ്റിൽ പ്രേം നസീറിനോട് കാര്യമായി സംസാരിക്കാതിരുന്ന ഷീല ഒടുവിൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്റെ തെറ്റ് മനസിലാക്കി നസീറിനോട് ക്ഷമ ചോദിച്ചു. തുമ്പോലാർച്ച സിനിമയിൽ നായിക പുഴയിൽ വീണ് മരണ വെപ്രാളം കാണിക്കുന്ന സീനുണ്ട്. നായകനാണ് പുഴയിലിറങ്ങി നായികയെ രക്ഷിക്കുന്നത്. ഈ ഒരൊറ്റ രംഗത്തോടെയാണ് ഷീലയുടെ പിണക്കം മാറിയത്. തുടർന്ന് ഇരുവരും വീണ്ടും ജോഡികളായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
വയലാർ – ദേവരാജൻ – യേശുദാസ് ടീമിന്റെ ഇതിലെ ഗാനങ്ങൾ ഇന്നും ഇമ്പമേറിയ താണ്. പ്രേം നസീറിന്റെ 35-ാം ചരമവാർഷികം പ്രമാണിച്ച് പ്രേം നസീർ സുഹൃത് സമിയാണ് തുമ്പോലാർച്ചയുടെ 50-ാം വാർഷികം ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 6 ന് വഴുതക്കാട് ലെ നിൻ ബാലവാടിയിൽ ചിത്രം പ്രദർശിപ്പിച്ച് ആഘോഷിക്കുന്നതെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. എല്ലാ മാസവും ഒരുക്കുന്ന പ്രേം നസീർ ചലച്ചിത്രോത്സവം സംവിധായകൻ ബാലു കിരിയത്ത് ഉൽഘാടനം ചെയ്യും. പ്രവേശനം സൗജന്യം.