തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മലയാളം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ചു തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നു സംഘടിപ്പിച്ച ആശാൻ കവിത കാവ്യഭാഷയുടെ വിനിമയതലങ്ങൾ’ എന്ന ദ്വിദിന ദേശീയ സെമിനാർ കവി വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.
ആശാൻ കാലാതീതനായ കവിയാണെന്നും ഇന്നും ആ കവിതകൾ സമകാലിക സമൂഹത്തോട് സംവദിക്കുന്നത് അതിന്റെ ദാർശനികബലം കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് മാനേജർ ഡോ.ജോസ് മാത്യൂ എസ്.ജെ അധ്യക്ഷനായ ചടങ്ങിൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെക്രട്ടറി വി. ജയപ്രകാശ്, മലയാളം ആൻഡ് മാസ്സ് കമ്മ്യുണിക്കേഷൻ വകുപ്പ് മേധാവി ഡോ. ലിസ്ബ യേശുദാസ്, ഡോ.ഡി.അനിൽകുമാർ എന്നിവർ സംസാരിച്ചു.
രണ്ടു ദിവസം വിവിധ സെഷനുകളിലായി ഡോ.സി.ആർ.പ്രസാദ്, ഡോ.എം.എ.സിദ്ദീഖ്, ഡോ.സുജ സൂസൻ ജോർജ്, ഡോ.പി.സോമൻ, ഡോ സീമ ജെറോം, ഡോ. സി.ഉദയകല, ഡോ.രാകേഷ് ചെറുകോട്, ഡോ.ഒ.രേണുക, ഡോ.ഷെറീന റാണി, ഡോ. സിനി വി., റ്റോജി വർഗീസ്, ആശാ സ്റ്റീഫൻ, ഡോ.എസ്.ഹരികൃഷ്ണൻ, വൈശാഖ് ജെ.എസ്. എന്നിവർ ആശാൻ കവിതകളുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമാപന സമ്മേളനം വി.ശശി എം എൽ എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ഡോ.രശ്മി, ഗോകുൽ ജെ.ബി. എന്നിവർ സംസാരിച്ചു.