തിരുവനന്തപുരം: കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനമായ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ (ജി.എസ്.ഐ) കേരള യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി ഡോ.വി.അമ്പിളി ചുമതലയേറ്റു. ജി.എസ്.ഐ യില്‍ ഈ പദവിയിലെത്തുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ വനിതയാണ് ഡോ.വി.അമ്പിളി.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ജി.എസ്.ഐ യുടെ മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ സര്‍വ്വെ ഡിവിഷനില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കോട്ടയം ഗവ. കോളേജില്‍ നിന്ന് ജിയോളജിയില്‍ ബിരുദവും പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും കുസാറ്റില്‍ നിന്ന് പി.എച്ച്.ഡി യും നേടിയിട്ടുണ്ട്.
കോട്ടയം സ്വദേശിനിയായ ഡോ.വി.അമ്പിളി അരീപ്പറമ്പ് കാലായില്‍ കെ. വേലായുധന്റെയും കെ.എ. രുഗ്മിണിയുടെയും മകളാണ്. മാധ്യമപ്രവര്‍ത്തനും മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററുമായ ഡി.പ്രമേഷ് കുമാറാണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ അമിത്രജിത്, അഭിജിത എന്നിവര്‍ മക്കളും.